നടി അനന്യ രാജ് (27) അന്തരിച്ച വാർത്ത പുറത്തുവന്നതിന്റെ ഞെട്ടലിലാണ് ആരാധകർ അടക്കമുള്ളവർ. ജൂലൈ 15-ന് ഉറക്കത്തിനിടെ മരിച്ചുവെന്നാണ് കുടുംബം പറയുന്നതെങ്കിലും ഒരു മാസത്തിന് ശേഷം ഈ വിവരം പുറത്തുവിടുന്നത് എന്തുകൊണ്ടാണെന്ന സംശയവും ഉയരുന്നു.
ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിൽ മരണം സംഭവിച്ചുവെന്നാണ് കുടുംബം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കിയത്.
കഴിഞ്ഞ ഒരു വർഷമായി നടി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും കുടുംബം ഇൻസ്റ്റഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു.
ഹൃദയഭേദകമായ വാർത്ത പങ്കുവയ്ക്കുന്നു എന്നെഴുതിയതിനു ശേഷമാണ് കുടുംബം ഓഗസ്റ്റ് 15-ന് നടിയുടെ മരണവിവരം പുറത്തുവിട്ടത്.
‘‘ഇത് അനന്യയുടെ കുടുംബമാണ്. ജൂലൈ 15 ന് പുലർച്ചെ അനന്യ മരിച്ചുവെന്നു വളരെ വേദനയോടെ ഞങ്ങൾ അറിയിക്കുന്നു. ഉറക്കത്തിൽ സമാധാനപരമായി അന്തരിച്ചു. ഒരു വർഷത്തിലേറെയായി ശാരീരികവും മാനസികവുമായ അസ്വസ്ഥതകളിലൂടെ അനന്യ കടന്നുപോകുകയായിരുന്നു. അവ മറികടക്കാൻ അവൾ ഒരു യോദ്ധാവിനെപ്പോലെ പോരാടി’’ – ഇൻസ്റ്റഗ്രാമിലെ സന്ദേശത്തിൽ കുടുംബം എഴുതി.
ഏഴു മാസം മുൻപും നടിയുമായി സംസാരിച്ചിരുന്നുവെന്നും ഒരുമിച്ചു പ്രവർത്തിക്കാൻ പദ്ധതിയിട്ടിരുന്നെന്നും ഇൻഫ്ലുവൻസർ പങ്കജ് ശർമ കുറിച്ചു.
അത് ഞങ്ങളുടെ അവസാന സംഭാഷണമാണെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല എന്നാണ് പങ്കജ് ശർമ അനുശോചനക്കുറിപ്പിൽ പറഞ്ഞത്. അതേസമയം, മരണകാരണം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയണമെന്ന് ഒട്ടേറെ പേർ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
മുംബൈയിൽ വളർന്ന അനന്യ സംഗീത വിഡിയോകളിലൂടെയാണ് ശ്രദ്ധയയാകുന്നത്. 2016 ൽ പുറത്തിറങ്ങിയ '7 അവേഴ്സ് ടു ഗോ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറി. 'ദി ഫൈനൽ എക്സിറ്റ്' (2017), 'ഗോസ്റ്റ്' (2019) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക് സിനിമയിലും അനന്യ അഭിനയിച്ചിട്ടുണ്ട്.